Malayalam SciComm Project – Homemade Sunscreen


വീട്ടിൽ സൺസ്‌ക്രീൻ ഉണ്ടാക്കാമോ?

നിങ്ങൾ സൺസ്‌ക്രീൻ സ്വന്തമായി ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുകയാണോ?

സൺസ്‌ക്രീനുകൾ എങ്ങിനെ വീട്ടിൽ നിർമിക്കാം എന്ന് കാണിക്കുന്ന ധാരാളം വീഡിയോകളും കുറിപ്പുകളും മാർഗ നിർദേശങ്ങളും ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിൽ കാണാറുണ്ട്. വീട്ടിൽ ഉണ്ടാക്കുന്ന സൺസ്‌ക്രീനുകളിൽ എല്ലാം തന്നെ പറയുന്നത് ഏതെങ്കിലും എണ്ണയിലോ ബട്ടറിലോ 25/50 ശതമാനം സിൻഗ് ഓക്സൈഡ് മിക്സ് ചെയ്‌താൽ സൺസ്ക്രീൻ ആയി എന്നാണ്.

ഇത്തരം സൺസ്ക്രീനുകൾ ഒരിക്കലും നമ്മൾ വീട്ടിൽ പരീക്ഷിക്കാൻ പാടുള്ളതല്ല. അതിനുള്ള കാരണങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം.

സാധാരണ സൺസ്‌ക്രീൻ ഉണ്ടാകുമ്പോൾ അതിന്റെ ഇന്ക്രീഡിയൻസുകൾ ഗ്രാമിലോ അല്ലങ്കിൽ പേർസൺടെജിലോ ഉള്ള അളവിലാണ് എടുക്കുക. എന്നാൽ ഹോംമേഡ് സൺസ്‌ക്രീനുകൾ ഉണ്ടാക്കുന്നവർ ടീസ്പൂൺ ടേബിൾ സ്പൂൺ കപ്പ്‌ എന്നിവയിൽ അളന്നാണ് എടുക്കുന്നത്. യഥാർത്ഥ കോസ്മെറ്റിക് ഫോർമുല ചെയ്യുമ്പോൾ നമ്മൾ ഗ്രാമിലോ പേർസൺടെജിലോ ആണ് എടുക്കേണ്ടത്

എണ്ണകൾക്ക് നമ്മുടെ ചർമത്തെ സൂര്യനിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവുകൾ ഇല്ല.

ചില പഠനങ്ങൾ ഇൻവിട്ട്റോ ടെസ്റ്റുകൾ ഉപയോഗിച്ച് എണ്ണകളുടെ SPF മൂല്യങ്ങൾ പരിശോധിച്ചപ്പോൾ അതിന്റെ SPF വാല്യൂ ഏതാണ്ട് ഏഴിനോട് അടുത്താണെന്ന് കണ്ടെത്തി. അത് തന്നെ ഹ്യൂമൻ ബോഡിയിൽ പരീക്ഷിച്ചപ്പോൾ എണ്ണയുടെ SPF വാല്യൂ 7 നേക്കാൾ കുറവാണ് കാണാൻ കഴിഞ്ഞത്. എണ്ണകൾക്ക് നമ്മുടെ ചർമത്തിന് സൺ പ്രൊട്ടക്ഷൻ നൽകാൻ കഴിയില്ല എന്ന കാര്യം ഈ പഠനങ്ങൾ കൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാം

എണ്ണകളും വെണ്ണകളും പോലുള്ള പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ രാസ ഘടകങ്ങൾ അത് എപ്പോൾ, എങ്ങനെ വേർതിരിച്ചെടുത്തു എന്നതിനെ ആശ്രയിച്ച് വളരെ വ്യത്യാസപ്പെട്ടിരിക്കും. നമ്മൾ ചേരുവകൾ വാങ്ങുമ്പോൾ ഇത്തരം വിവരങ്ങൾ അറിയാൻ യാതൊരു മാർഗവുമില്ല. അതുകൊണ്ട് തന്നെ എണ്ണകൾക്കും വെണ്ണകൾക്കും യഥാർത്ഥത്തിൽ ആവശ്യമായ SPF മൂല്യമുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല . എണ്ണ വെണ്ണ തുടങ്ങിയവയുടെ ഗുണനിലവാരവും രാസഘടകങ്ങളും അതിന്റെ അസമസ്കൃത വസ്തുക്കൾ വേർതിരിച്ചെടുക്കുന്നതിന് മുമ്പ് അത് എങ്ങനെ, ഏത് താപനിലയിലും കാലാവസ്ഥയിലും വളർന്നു , അതുപോലെ തന്നെ എത്ര കാലം സൂക്ഷിച്ചു വെച്ചു എന്നതിനൊക്കെ അനുസരിച്ചു മാറ്റങ്ങൾ വരും

ഷാംപൂ, കണ്ടീഷണർ, മോയ്‌സ്ചറൈസറുകൾ, ക്ലെൻസറുകൾ തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമിക്കാൻ അറിയാവുന്ന ഒരാളാണ് ഞാൻ. പക്ഷെ സൺസ്‌ക്രീൻ ഒരിക്കലും വീട്ടിൽ നിർമ്മിക്കാമെന്ന് ഞാൻ ഇപ്പോഴും കരുതുന്നില്ല . സൺസ്ക്രീൻ നിർമ്മിക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഉൽപ്പന്നമാണ്. സൺ സ്ക്രീൻ ഉണ്ടാക്കാൻ ഹോമോജെനൈസർ എന്ന ഉപകരണം ആവശ്യമുണ്ട്. അത്തരം ഉപകരണങ്ങൾ ഏറെ വിലകൂടിയതുമാണ്. എനി ഒരെണ്ണം വാങ്ങിച്ചാൽ തന്നെ, അതിൽ ശരിയായി ചെയ്യാൻ കഴിയുമെന്നും ഒരു ഉറപ്പുമില്ല. അങ്ങിനെ വരുമ്പോൾ പല ഘടകങ്ങളും അതിന്റെ SPF മൂല്യത്തെ ബാധിക്കുകയും ചെയ്യും. ചേരുവകൾ കൂട്ടിച്ചേർക്കുന്നതിൻ്റെ ക്രമം, മിശ്രണം ചെയ്യുന്ന രീതി, താപനില, pH, കൂടാതെ ഫോർമുലയിലെ മറ്റ് ഘടകങ്ങൾ എന്നിവയൊക്കെയാണ് SPF മൂല്യത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്.. മറ്റൊരു സുഗന്ധം ചേർക്കുമ്പോഴോ അതിന്റെ ബേസിക് ആയി എണ്ണയോ വെണ്ണയോ മാറ്റം വരുത്തുമ്പോൾ പോലും SPF മൂല്യങ്ങളിൽ വ്യത്യാസം വരും

ഹോം മേഡ് സൺസ്‌ക്രീൻ ഉണ്ടാക്കുന്നവർ സാധാരണയായി ഉപയോഗിക്കുന്ന ഘടകമാണ് സിങ്ക് ഓക്സൈഡ് . കൃത്യമായ ഉപകരണങ്ങൾ ഉപയോഗിക്കാതെ സിങ്ക് ഓക്സൈഡ് മിക്സ്‌ ചെയ്യുമ്പോൾ അത് വേണ്ടത് പോലെ യോജിക്കുകയില്ല . അത് കൊണ്ട് തന്നെ അത് നന്നായി മിക്സ്‌ ആവാതെ പല ലയറുകൾ ആയി വിഭജിച്ചു കിടക്കുകയാണ് ചെയ്യുന്നത്.ശരിയായ ഉപകരണങ്ങളും ചേരുവകളും ഉപയോഗിച്ച് ഇത് നന്നായി ഒരേപോലെ മിക്സ്‌ ആയില്ല എങ്കിൽ സിങ്ക് ഒക്സൈഡ് കാലക്രമേണ കട്ട പിടിക്കുന്നതാണ്. പിന്നീട് കുറച്ചു നാൾ കഴിയുമ്പോൾ സിംഗ് ഓക്സൈഡ് ഫോർമുലയുടെ അടിയിൽ ഊറി അടിഞ്ഞു കൂടാനും തുടങ്ങും. ഈ മാറ്റം നമുക്ക് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കില്ല. നേരിട്ട് കാണാൻ കഴിയാത്തത് കൊണ്ട് തന്നെ നമ്മൾ ഉണ്ടാക്കിയ ഉൽപന്നത്തിനു രാസമാറ്റങ്ങൾ ഉണ്ടായതായി നമുക്ക് മനസ്സിലാക്കാനും കഴിയില്ല

നിങ്ങൾ ഒരു സൺസ്‌ക്രീൻ ഉണ്ടാക്കി അത് സ്വയം ഉപയോഗിച്ച് തുടങ്ങിയ ശേഷം സൂര്യ പ്രകാശം അടിച്ചു പൊള്ളലുകൾ (സൺ ബെൺ ) ഒന്നും ഉണ്ടായില്ല എന്ന് കരുതി നിങ്ങൾ ഉണ്ടാക്കിയ സൺ സ്ക്രീൻ വിജയകരമാണെന്ന് അനുമാനിക്കാൻ പറ്റില്ല. തൊലിയിൽ പൊള്ളൽ വന്നില്ല എന്നതിന് അർത്ഥം UVB ഏറ്റിട്ടില്ല എന്നത് മാത്രമാണ്. പക്ഷെ അപകടകാരികൾ ആയ UVA രശ്മികൾ സൂര്യ പ്രകാശത്തിൽ ധാരാളം ഉണ്ട്.ആ രശ്മികൾ ഏൽക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ ചർമത്തിൽ മോശമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുമൂലം തൊലിയിൽ ചുളിവുകൾ വീഴുകയും ഫൈൻലൈൻ രൂപാന്തരപ്പെടുകയും ചെയ്യും. ഇത് കാലക്രമേണെ വരുന്ന മാറ്റങ്ങൾ ആയതിനാൽ നമ്മൾ അറിയാതെ തന്നെ ത്വക്കിന്റെ സൗന്ദര്യം നഷ്ടപ്പെടുകയും വളരെ നേരത്തെ തന്നെ വാർദ്ധക്യം ബാധിക്കുകയും ചെയ്യും

ഒരു ഉൽപ്പന്നം കാലാവസ്ഥക്ക് അനുസരിച്ചോ സൂക്ഷിക്കുന്ന രീതിക്ക് അനുസരിച്ചോ രസമാറ്റങ്ങൾ സംഭവിക്കില്ല എന്ന് ഉറപ്പു വരുത്തൽ വലിയൊരു കടമ്പയാണ്. കാരണം നമ്മൾ ഉപയോഗിക്കുന്ന പ്രിസർവേറ്റീവ് വേണ്ടത് പോലെ പ്രവർത്തിക്കാത്തത് മൂലം ഉൽപ്പന്നതിൽ പൂപ്പൽ വളരുകയും കേടാവുകയും ചെയ്യുന്നത് കൊണ്ടാണ് ഇത്തരം പ്രയാസങ്ങൾ നേരിടുന്നത് . പാക്കിങ്ങിനായി ഉപയോഗിക്കുന്ന പാക്കേജിന്റെ ഷേപ് വരെ അതിൽ സൂക്ഷിക്കുന്ന വസ്തു കേടാവുന്നതിനു കാരണമാകാറുണ്ട്.

നിങ്ങൾ വീട്ടിൽ സൺസ്‌ക്രീൻ ഉണ്ടാക്കാതിരിക്കാനുള്ള 100 കാരണങ്ങളിൽ ചിലത് മാത്രമാണിത്. നമുക്ക് താങ്ങാവുന്ന വിലയിൽ ഉള്ള സൺ സ്ക്രീനുകൾ തിരഞ്ഞെടുക്കാൻ കഴിയും വിധം ധാരാളം ബ്രാന്റ്കൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ ഇന്ത്യയിൽ കിട്ടുന്ന സൺ സ്ക്രീൻ അടക്കമുള്ള കോസ്മെറ്റിക്കുകൾ എനിക്ക് ഏറെ പ്രിയപ്പെട്ടതുമാണ്