സൺസ്ക്രീൻ ഉപയോഗം : വിറ്റാമിൻ ഡിയുടെ അളവിനെ ബാധിക്കുന്നുവോ?
പലരുടെയും മനസ്സിലെ ഒരു ആശങ്കയാണിത്. പലയിടങ്ങളിൽ നിന്നും ഈ ചോദ്യം ഉയർന്നു വരുന്നുമുണ്ട്.
നമ്മുക്ക്, ഇതിനുപിന്നിലെ ശാസ്ത്രീയ വസ്തുതകൾ പരിശോധിക്കാം.
ആദ്യമായി, ആവശ്യമായ തോതിൽ വിറ്റാമിൻ D ഉത്പാദിപ്പിക്കാൻ അധികം നേരം സൂര്യപ്രകാശത്തിൽ കഴിയേണ്ടതില്ല. ആഴ്ചയിൽ 2-3 തവണ, ഏകദേശം 10- 15 മിനിറ്റ് നേരത്തെ സൂര്യപ്രകാശം തന്നെ മതിയാകും എന്നാണ് പല പഠനങ്ങളും പറയുന്നത്.
കൂടാതെ, സൺസ്ക്രീൻ എല്ലാ അൾട്രാവയലറ്റ് (UV) കിരണങ്ങളെയും തടയുന്നില്ല. ഉദാഹരണത്തിന്, SPF 50 സൺസ്ക്രീൻ , 98% UVB കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകും, എന്നുവെച്ചാൽ ചില കിരണങ്ങൾ അപ്പോഴും ശരീരത്തിലേക്ക് എത്തുന്നുണ്ട്. മാത്രമല്ല, നമ്മിൽ പലരും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ശരിയായ രീതിയിൽ അല്ല. ഓരോ ദിവസവും ശുപാർശ ചെയ്യപ്പെട്ട അളവിൽ കൃത്യമായി ഉപയോഗിക്കുന്നുണ്ടോ? ഓരോ രണ്ടു മണിക്കൂറിലും ശരീരത്തിലുടനീളം വീണ്ടും ഉപയോഗിക്കുന്നുണ്ടോ? സാധ്യത കുറവാണ്. ആയതിനാൽ തന്നെ നമ്മുടെ ചർമ്മം, യഥാർത്ഥത്തിൽ സൂര്യപ്രകാശത്തിന് വിധേയമാകുന്നുണ്ട്.
2019-ൽ പുറത്തിറങ്ങിയിരുന്ന ഒരു ശാസ്ത്രീയ അവലോകനം , സൺസ്ക്രീനും വിറ്റാമിൻ D ഉത്പാദനവുമായി ബന്ധപ്പെട്ട പഠനങ്ങൾ പരിശോധിച്ചു. യഥാർത്ഥ സൂര്യകിരണങ്ങൾക്ക് പകരമായി, കൃത്രിമ UV പ്രകാശം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്, സൺസ്ക്രീൻ വിറ്റാമിൻ D ഉത്പാദനം തടയാം എന്നതാണ്. എന്നാൽ, യഥാർത്ഥ ജീവിതസാഹചര്യത്തിൽ, തെളിവുകൾ ഇതിനെ സാധൂകരിക്കുന്നില്ല.
ആളുകളുടെ സൺസ്ക്രീൻ ഉപയോഗവും അതിനോടനുബന്ധിച്ചുള്ള വിറ്റാമിൻ ഡിയുടെ അളവും നിരീക്ഷിച്ചുള്ള പഠനങ്ങളിലൂടെ ഗവേഷകർ പറയുന്നത്, സൺസ്ക്രീൻ ഉപയോഗിക്കുന്നവർക്ക് ഉപയോഗിക്കാത്തവരെക്കാൾ തുല്യമോ, ചില സമയങ്ങളിൽ മെച്ചപ്പെട്ട അളവോ ഉണ്ടെന്നാണ്.
സ്ഥിരമായി സൺസ്ക്രീം ഉപയോഗിക്കുന്നവരെ വെച്ച് നടത്തിയ ഫീൽഡ് ട്രയലിൽ വിറ്റാമിൻ D യുടെ തോതിൽ കാര്യമായ മാറ്റം തന്നെയില്ലെന്ന് കണ്ടെത്തി. എന്നാൽ, ഇവയിൽ ഉപയോഗിച്ച SPF നമ്മൾ നിലവിൽ ഉപയോഗിക്കുന്നതിനേക്കാളും കുറവായിരുന്നു.
ഇതിനുപുറമെ, Sun-D എന്ന പരീക്ഷണ പഠനം, നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ പങ്കെടുക്കുന്നവർ ഒരു വർഷം മുഴുവൻ SPF 50+ സൺസ്ക്രീൻ ഉപയോഗിക്കുകയും അവരുടെ വിറ്റാമിൻ D യുടെ അളവ് നിരീക്ഷിക്കുകയും ചെയ്യുന്നു. ഇപ്പോഴും പുരോഗമിക്കുന്ന, ഈ പഠനത്തിൻറെ ഫലം ലഭ്യമായിട്ടില്ലെങ്കിലും , ഈ വിഷയത്തിൽ കൂടുതൽ വ്യക്തത ഈ പഠനം നൽകുമെന്ന കാര്യം തീർച്ച.
ചുരുക്കത്തിൽ, സൺസ്ക്രീൻ കാരണം വിറ്റാമിൻ D കുറയുമെന്ന ആശങ്കക്ക് അർത്ഥമേയില്ല. പ്രത്യേകിച്ച് നാം ഉപയോഗിക്കുന്ന സൺസ്ക്രീൻ നിർദിഷ്ട രീതിയിൽ നിന്നും ബഹുദൂരത്തിൽ ആണെന്നതുകൊണ്ട്. അതേസമയം, സൺസ്ക്രീൻ ഉപയോഗിക്കാതിരുന്നാൽ സൂര്യപ്രകാശത്തിനെതിരെ സംരക്ഷണം ഇല്ല; അതിനാൽ ത്വക്ക് കാൻസറിന്റെ സാധ്യത ഉയരുന്നു. അതിനാൽ, സൺസ്ക്രീൻ ഉപയോഗിക്കുകയും അതിനൊപ്പം വിറ്റാമിൻ D ഉറപ്പാക്കാൻ ആരോഗ്യകരമായ രീതിയിൽ സൂര്യപ്രകാശം സ്വീകരിക്കുകയും ആവാം.
എഴുത്തുകാരി – നവാൽ അബ്ദുൽ കരീം
വിവർത്തക – മാജിദ